ഗള്‍ഫിലേക്ക് കേരളത്തില്‍നിന്നുള്ള കപ്പല്‍ സര്‍വ്വീസിന് കേന്ദ്രത്തിന്റെ പച്ചക്കൊടി. ഗള്‍ഫിലേക്ക് യാത്രാ കപ്പല്‍ സര്‍വ്വീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കേന്ദ്ര ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ് സോനോവാളുമായി ചര്‍ച്ച നടത്തി. ഫെസ്റ്റിവല്‍ സീസണില്‍ വിമാന കമ്പനികള്‍ അധിക ചാര്‍ജ് ഈടാക്കുന്നത് ശ്രദ്ധയിലുണ്ടെന്നും കപ്പല്‍ സര്‍വ്വീസ് ആരംഭിക്കാന്‍ ആവശ്യമായ നടപടികള്‍ ആരംഭിക്കുവാന്‍ എല്ലാ സഹകരണവുമുണ്ടാകുമെന്നും കേന്ദ്ര മന്ത്രി ഉറപ്പ് നല്കി. പ്രവാസി മലയാളികളുടെ ചിരകാല സ്വപ്നമായ യാത്രാ കപ്പല്‍ സര്‍വ്വീസ് ആരംഭിക്കുവാന്‍ നോര്‍ക്കയുമായി സഹകരിച്ച് പദ്ധതി ആവിഷ്കരിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ മുമ്പ് തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.