6 രാജ്യങ്ങൾക്ക് കൂടി ഇലക്ട്രോണിക് ടൂറിസ്റ്റ് വിസയും ഓൺ അറൈവൽ വിസയും ആരംഭിക്കാൻ ഒരുങ്ങി സൗദി ടൂറിസം മന്ത്രാലയം. തുർക്കി, തായ്‌ലൻഡ്, മൗറീഷ്യസ്, പനാമ, സീഷെൽസ്, സെന്റ് കിറ്റ്‌സ് ആന്റ് നെവിസ് എന്നീ രാജ്യക്കാർക്കാണ് സേവനം ലഭ്യമാകുക. ടൂറിസ്റ്റ് വിസയിൽ സൗദിയിൽ പ്രവേശിക്കുന്നവർക്ക് പരിപാടികളിലും എക്‌സിബിഷനുകളിലും സമ്മേളനങ്ങളിലും പങ്കെടുക്കാനും ഹജ് കാലത്തൊഴികെ ഉംറ നിർവഹിക്കാനും സുഹൃത്തുക്കളെയും ബന്ധുക്കളെയും സൗദിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദർശിക്കാൻ സാധിക്കും. സൗദി സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ഈ രാജ്യക്കാർക്ക് ടൂറിസ്റ്റ് വിസക്കായി ഓൺലൈനായി അപേക്ഷിക്കുകയോ സൗദി അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ എത്തുന്ന മുറയ്ക്ക് വിസ നേടാനോ സാധിക്കും. പരമാവധി 90 ദിവസം വരെ സൗദിയിൽ തങ്ങാൻ അനുവദിക്കുന്നതാണ് ഇ വിസ.2019 സെപ്റ്റംബർ 27 നാണ് ടൂറിസം മന്ത്രാലയം ടൂറിസ്റ്റ് വിസകൾ അനുവദിക്കാൻ തുടങ്ങിയത്. ഇതോടെ ഇ-വിസയും ഓൺ അറൈവൽ വിസയും ലഭിക്കുന്ന രാജ്യക്കാരുടെ എണ്ണം 63 ആയി.