യുഎഇയിൽ സ്പോൺസർ അറിയാതെ തൊഴിലാളി മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്താൽ വീസ റദ്ദാക്കാൻ തൊഴിലുടമയ്ക്ക്
അവകാശമുണ്ടെന്ന് മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. വിവിധ നിയമലംഘനങ്ങളിൽ തൊഴിൽ ഉടമയുടെ അധികാരത്തെക്കുറിച്ച് വിശദീകരിക്കവേയാണ് മന്ത്രാലയം ഇത് അറിയിച്ചത്.
തൊഴിൽ കരാറിലെ മാനദണ്ഡങ്ങൾ ലംഘിക്കാൻ പാടില്ലെന്നും വീസ മാറ്റ നടപടികൾ പൂർത്തിയാക്കാതെ മറ്റിടങ്ങളിൽ ജോലി ചെയ്താൽ തൊഴിൽ കരാർ റദ്ദാക്കി തൊഴിലാളിയെ പിരിച്ചുവിടാൻ തൊഴിലുടമയ്ക്ക് അനുമതിയുണ്ടെന്നും മന്ത്രാലയം വക്തമാക്കി. 2 തവണ മുന്നറിയിപ്പു നൽകിയിട്ടും ലംഘനം ആവർത്തിച്ചാൽ തൊഴിൽ കരാർ റദ്ദാക്കാനും അനുമതിയുണ്ട്. തൊഴിലുടമയക്ക് ഭീമമായ നഷ്ടം വരുത്തിയാലും മനഃപൂർവം സ്വത്ത് നശിപ്പിച്ചാലും ഇതേ നടപടി സ്വീകരിക്കും. വ്യാജ രേഖകൾ നൽകിയും വേഷം മാറിയും ജോലി തരപ്പെടുത്തിയതാണെന്ന് തെളിഞ്ഞാലും മുന്നറിയിപ്പില്ലാതെ തൊഴിൽ കരാർ റദ്ദാക്കാം. ജോലിസമയത്ത് ലഹരി ഉപയോഗിക്കുകയോ സദാചാര വിരുദ്ധമായി പെരുമാറുകയോ ചെയ്താലും തൊഴിൽ കരാർ റദ്ദാക്കാം. തൊഴിലുടമ, മാനേജർ, വകുപ്പ് തലവൻമാർ, സഹപ്രവർത്തകർ എന്നിവരെ കയ്യേറ്റം ചെയ്താലും വിസ റദ്ദാക്കി ജോലിയിൽ നിന്നു പിരിച്ചുവിടാൻ തൊഴിലുടമയ്ക്ക് അധികാരമുണ്ട്. വർഷത്തിൽ 20 ദിവസത്തിൽ കൂടുതൽ പലപ്പോഴായി ജോലിയിൽനിന്ന് വിട്ടുനിന്നാൽ തൊഴിൽ കരാർ റദ്ദാക്കാം.