എയര്‍ ഇന്ത്യ വിമാനത്തില്‍ കയറ്റിവിട്ട ബാഗും പന്ത്രണ്ട് ലക്ഷത്തോളം മൂല്യമുള്ള വസ്തുക്കളും നഷ്ടപ്പെട്ടതായി മലയാളി മെന്റലിസ്റ്റ് ഫാസില്‍ ബഷീര്‍. രാവിലെ 11ന് കൊച്ചിയില്‍ നിന്ന് ദുബൈയിലേക്കുള്ള എഐ 933 എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നാണ് വിലപിടിപ്പുള്ള വസ്തുക്കള്‍ അടങ്ങിയ ബാഗ് നഷ്ടപ്പെട്ടത്. സാധാരണയില്‍ കവിഞ്ഞ് വലിപ്പമുള്ള പ്രത്യേക പരിഗണന ആവശ്യമായ വസ്തുക്കള്‍ കയറ്റി അയക്കുന്ന ഔട്ട് ഓഫ് ദ ഗേജ് വഴിയാണ് ബാഗ് ഫാസില്‍ കയറ്റിവിട്ടത്. സാധനങ്ങള്‍ നഷ്ടമായതോടെ ഫാസിലിന്റെ ഷോയും മുടങ്ങി. സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഫാസില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.









