ബഹ്റൈനിലെ പണരഹിത ഇടപാടായ ‘ബെനഫിറ്റ് പേ’യിൽ ഇടപാട് നടത്തുന്നവരെ കബളിപ്പിച്ചുള്ള തട്ടിപ്പുകളിൽ മലയാളികളും ഇരകളാകുന്നു. കോവിഡ്19 വാക്സീൻ എടുക്കാത്തവരെ ലക്ഷ്യമിട്ട് നടത്തിയ തട്ടിപ്പിൽ ഇരയായ കോഴിക്കോട് സ്വദേശിയാണ് അധികൃതർക്ക് പരാതി നൽകിയത്. കോവിഡ് വാക്സീൻ ഒരു ഡോസ് എടുക്കാൻ ബാക്കി ഉണ്ടെന്നായിരുന്നു വിളിച്ച ആൾ പറഞ്ഞത്. താൻ കോവിഡ് വാക്സീൻ ഒരു ഡോസ് എടുത്തിരുന്നില്ലെന്നത് കൊണ്ട് തന്നെ ആദ്യത്തെ സംസാരത്തിൽ തന്നെ വിശ്വസിച്ചുപോയതായി അദ്ദേഹം പറഞ്ഞു. വിളിച്ച ആളുടെ പ്രഫൈലിൽ ഒരു ഉന്നത പോലീസെന്ന് തോന്നിക്കുന്ന ചിത്രം ആണ് ഉണ്ടായിരുന്നത്. അടുത്ത ദിവസം വിമാനത്താവളത്തിലേക്ക് വാക്സീൻ എടുക്കാൻ എത്തണം എന്നും തിരിച്ചറിയലിനായി ബെനഫിറ്റ് പേയിൽ നിന്ന് വന്ന ഒരു ഒടിപി നമ്പർ ആവശ്യപ്പെടുകയും ചെയ്തു. ഓടിപി നൽകിയതോടെ മലയാളിയുടെ ബാങ്ക് അക്കൗണ്ടിൽ ഉണ്ടായിരുന്ന പണം നഷ്ടപ്പെടുകയായിരുന്നു.