എല്ലാ അന്താരാഷ്ട്ര സർവീസുകൾക്കും 50 ശതമാനം വരെ ഡിസ്കൗണ്ട് പ്രഖ്യാപിച്ച് സൗദി അറേബ്യയുടെ ദേശീയ വിമാന കമ്പനി സൗദിയ. സൗദി അറേബ്യയിൽ നിന്നും തിരിച്ചുമുള്ള എല്ലാ അന്താരാഷ്ട്ര സർവീസുകൾക്കും നിരക്കിൽ ഇളവ് ലഭിക്കും. 2023 ഓഗസ്റ്റ് 17 വ്യാഴാഴ്ച മുതൽ ഓഗസ്റ്റ് 30 ബുധനാഴ്ച വരെ വാങ്ങുന്ന ടിക്കറ്റുകൾക്കാണ് ഓഫർ ലഭിക്കുക. 2023 സെപ്തംബർ മുതൽ നവംബർ വരെ ഈ ടിക്കറ്റുകൾ ഉപയോഗിച്ച് യാത്ര ചെയ്യാം. ബിസിനസ് ക്ലാസിനും എക്കണോമി ക്ലാസിനും ഈ ഓഫർ ബാധകമാണ്. സൗദിയിലേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കാനും രാജ്യവും മറ്റ് ലോകരാജ്യങ്ങളുമായുള്ള ബന്ധം സുഗമമാക്കാനുമുള്ള എയർലൈന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. സൗദിയയുടെ ഔദ്യോഗിക വെബ്സൈറ്റുകൾ, മൊബൈൽ ആപ്ലിക്കേഷൻ എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.