അബുദാബി: യു എ ഇയിലെ അഴിമതി റിപ്പോർട്ട് ചെയ്യാൻ അബുദാബിയിൽ ആരംഭിച്ച വാജിബ് പോർട്ടലിന്റെ സേവനം രാജ്യം മുഴുവൻ വ്യാപിപ്പിക്കാൻ ഒരുങ്ങുന്നു. ഇനി മുതൽ രാജ്യത്തെ 7 എമിറേറ്റിലെയും സർക്കാർ സ്ഥാപനങ്ങളുടെ അഴിമതി റിപ്പോർട്ട് ചെയ്യാനാകുമെന്ന് സുപ്രീം ഓഡിറ്റ് ഇൻസ്റ്റിറ്റ്യൂഷൻ അറിയിച്ചു. രാജ്യത്തെയും സാമ്പത്തിക സ്രോതസുകളെയും അഴിമതി മുക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. അബുദാബിയിലെ സർക്കാർ സ്ഥാപനങ്ങളുടെ അഴിമതി റിപ്പോർട്ട് ചെയ്യാനായി അബുദാബി അക്കൗണ്ടബിലിറ്റി അതോറിറ്റി കഴിഞ്ഞ മേയിലാണ് പോർട്ടൽ ആരംഭിച്ചത്. ഇതിന്റെ പ്രവർത്തനം വിജയിച്ചതോടെയാണ് രാജ്യമൊട്ടാകെ വ്യാപിപ്പിക്കാൻ തീരുമാനിച്ചത്. സർക്കാർ സ്ഥാപനങ്ങളുടെ സാമ്പത്തിക തിരിമറിയോ അഴിമതിയോ വെബ്സൈറ്റിലൂടെ പൊതുജനങ്ങൾക്ക് റിപ്പോർട്ട് ചെയ്യാം. എന്നാൽ, തെറ്റായ വിവരം നൽകി സ്ഥാപനത്തെയോ വ്യക്തിയേയോ അപമാനിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.