അബുദാബി: അബുദാബിയിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം വിജയകരം. എമിറേറ്റിലെ പ്രധാന റീട്ടെയിൽ ഔട്ട്ലെറ്റുകൾ ഇപ്പോൾ വീണ്ടും ഉപയോഗിക്കാവുന്ന ഓരോ പ്ലാസ്റ്റിക് ഗ്രോസറി ബാഗിനും ഉപഭോക്താക്കളിൽ നിന്ന് കുറഞ്ഞത് 50 ഫിൽസ് ഫീസ് വരെ ഈടാക്കുന്നുണ്ട്. ഇതോടെ പ്ലാസ്റ്റിക് ബാഗുകളുടെ എണ്ണത്തിൽ 90 മുതൽ 95 ശതമാനംവരെ കുറവുണ്ടായതായി അധികൃതർ അറിയിച്ചു. അതേസമയം, ദുബൈയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ ഒരു കോടിയിലേറെ പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗവും കുറച്ചതായി സാമ്പത്തിക, വിനോദസഞ്ചാര വകുപ്പ് അധികൃതർ അറിയിച്ചു. കുടിവെള്ളത്തിനായി പുനരുപയോഗ വെള്ളക്കുപ്പികളും പൊതുകുടിവെള്ള സംഭരണികളും ഉപയോഗിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കാനാണ് പദ്ധതി ആരംഭിച്ചത്. പ്ലാസ്റ്റിക് കുപ്പിയുടെ ഉപയോഗത്തിൽ 50 ശതമാനത്തിന്റെ കുറവുണ്ടാക്കുകയാണ് എമിറേറ്റിന്റെ ലക്ഷ്യം.