റിയാദ്: സൗദി അറേബ്യയിലെ തെരഞ്ഞെടുക്കപ്പെട്ട തൊഴിൽ മേഖലയിലേക്ക് വിസ സ്റ്റാമ്പ് ചെയ്യാൻ, ഇനി മുതൽ നാട്ടിൽ നിന്ന് തന്നെ യോഗ്യത തെളിയിക്കണം. ജൂൺ ഒന്നിനാണ് പുതിയ നിയമം പ്രാബല്യത്തിൽ വരുന്നത്. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് രാജ്യങ്ങളിൽ നിന്ന് പുതിയ വിസയിൽ എത്തുന്ന പ്രൊഫഷനലുകൾ ആണ് യോഗ്യത തെളിയിക്കേണ്ടത്. ഇതിനായി പ്രത്യേക വെബ്സൈറ്റിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. നിലവിൽ വെബ്സൈറ്റിൽ 29 വിദഗ്ദ്ധ ജോലികൾ ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ഇലക്ട്രീഷ്യൻ, പ്ലംബർ, ഓട്ടോമോട്ടീവ് മെക്കാനിക്, വെൽഡിങ്, എ.സി ടെക്നിഷ്യൻ, ഓട്ടോമോട്ടീവ് ഇലക്ട്രീഷ്യൻ എന്നീ തൊഴിലാളികൾക്കാണ് യോഗ്യത തെളിയിക്കാനുള്ള സെന്ററുകൾ കാണിക്കുന്നത്. ഇന്ത്യയിൽ ഡെൽഹിയിലും മുംബൈയിലുമാണ് സെന്ററുകളുള്ളത്. ഏതെല്ലാം പ്രൊഫഷനുകളിൽ ഏത് തരം യോഗ്യത തെളിയിക്കലാണ് വേണ്ടത് എന്നതുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത വരേണ്ടതുണ്ട്. വെബ്സൈറ്റിൽ. അതെ സമയം ജൂൺ ഒന്ന് മുതൽ തെരഞ്ഞെടുക്കപ്പെട്ട പ്രൊഫഷനുകൾക്ക് യോഗ്യത പരിശോധിച്ച രേഖയില്ലാതെ വിസ സ്റ്റാമ്പിങ്ങിനായി പാസ്പ്പോർട്ടുകൾ സ്വീകരിക്കില്ലെന്ന് സൗദി കോൺസുലേറ്റ് ട്രാവൽ ഏജൻസികൾ അറിയിച്ചു.