സൗദി അറേബ്യയുമായുള്ള ബന്ധങ്ങള്‍ പുനരവലോകനം ചെയ്യേണ്ട സമയമായി എന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്. റഷ്യന്‍ സഖ്യത്തിലേക്കു സൗദി അറേബ്യ നീങ്ങുന്നു എന്ന സൂചനകള്‍ക്കിടയിലാണ് ബൈഡന്റെ പ്രതികരണം.
റഷ്യയും സൗദിയും നേതൃത്വം നല്കുന്ന ഒപെക് പ്ലസ് എണ്ണ ഉത്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചതോടെ സൗദിയുമായുള്ള യുഎസ് സൗഹൃദത്തിനു വിലയില്ലെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. സൗദിയോടു ചേര്‍ന്നു നില്ക്കുന്ന യു എ ഇയുടെ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഇന്നു റഷ്യയില്‍ സന്ദര്‍ശനത്തിന് എത്തുന്നതു ബന്ധപ്പെട്ട മറ്റൊരു സംഭവവികാസമാണ്. റിയാദുമായുള്ള ബന്ധങ്ങള്‍ പുനഃപരിശോധിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനു ബൈഡന് പ്രതികരിച്ചത് ‘യെസ്’ എന്നാണ്. എന്നാല്‍ എണ്ണയുമായി ബന്ധപ്പെട്ടല്ല താന്‍ ജൂലൈയില്‍ സൗദിയില്‍ പോയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മനുഷ്യാവകാശ ലംഘനവും കൊലപാതക കുറ്റവും ആരോപിക്കപ്പെടുന്ന സൗദി പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ സല്‍മാനെ ബൈഡന് കാണുന്നതിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.