സന്ദര്‍ശന വിസകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനൊരുങ്ങി ഖത്തര്‍. ഫിഫ ലോകകപ്പിന്റെ പശ്ചാത്തലത്തിലാണ് നടപടി. നവംബര്‍ ഒന്നു മുതല്‍ ഹയാ കാര്‍ഡ് ഉടമകള്‍ക്ക് മാത്രമേ ഖത്തറിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂവെന്ന് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ അറിയിച്ചു.
ലോകകപ്പ് സമയത്ത് ഖത്തറിലെത്തുന്നവരുടെ എണ്ണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സന്ദര്‍ശക വിസക്കാര്‍ക്ക് മാത്രമാണ് ഇത് ബാധകമാകുക. ഖത്തറില്‍ താമസവിസയുള്ളവര്‍, ഖത്തര്‍ പൗരന്മാര്, ഖത്തര്‍ ഐഡിയുള്ള ജിസിസി പൗരന്മാര്, പേഴ്സണല്‍ റിക്രൂട്ട്മെന്റ് വിസകള്‍, തൊഴില്‍ വിസകള്‍ എന്നിവയ്ക്കും വ്യോമമാര്‍ഗം മനുഷ്യത്വപരമായ കേസുകളിലും ഖത്തറിലേക്ക് പ്രവേശനം അനുവദിക്കും. 2022 ഡിസംബര്‍ 23 മുതലാണല് വിസിറ്റ് വിസകള്‍ പുനരാരംഭിക്കും.
അതേസമയം സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ നിബന്ധനകള്‍ പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നിരവധിപ്പേരെ ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചയച്ചു. വിവിധ രാജ്യക്കാരായ നൂറിലധികം പേരെയാണ് കഴിഞ്ഞ ദിവസം മാത്രം തിരിച്ചയച്ചത്. സന്ദര്‍ശക വിസ ഉപയോഗിച്ച് തൊഴില്‍ അന്വേഷകര്‍ എത്തുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.