കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി തൊഴിലാളികള്‍ക്ക് ഇടയില്‍ ആത്മഹത്യാ പ്രവണത കൂടിവരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ പത്ത് മാസത്തിടയില്‍ 120 പ്രവാസി തൊഴിലാളികള്‍ രാജ്യത്ത് ആത്മഹത്യ ചെയ്തതായി ദേശിയ മനുഷ്യാവകാശ സമിതി അറിയിച്ചു.
ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികളിലാണ് പ്രവണത കൂടുതലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ 90 ആത്മഹത്യ നടന്നെങ്കില്‍ ഈ വര്‍ഷം പത്ത് മാസം തികയുമ്പോള്‍ അത് 120 ആയി ഉയര്‍ന്നത് ആശങ്കാജനകമാണെന്ന് അധികൃതര്‍ അറിയിച്ചു.
കണക്ക് പ്രകാരം പ്രതിമാസം ശരാശരി 12 തൊഴിലാളികള്‍ ആത്മഹത്യ ചെയ്യുന്നു. നിരവധി ആത്മഹത്യാ ശ്രമങ്ങള്‍ പോലീസ് അടക്കം ഇടപെട്ട് പരാജയപ്പെടുത്തി. പ്രവാസികള്‍ക്ക് പുറമെ സ്വദേശി പൗരന്മാര്ക്ക് ഇടയിലും ആത്മഹത്യാ പ്രവണത കൂടിവരുകയാണ്. ശനിയാഴ്ച രണ്ട് കുവൈത്തി പൗരന്മാര് ശൈഖ് ജാബിര്‍ പാലത്തില്‍നിന്നും താഴെയ്ക്ക് ചാടി ആത്മഹത്യ ചെയ്തിരുന്നു.