സൗദിയിൽ താമസിക്കുന്നവരുടെ ഹെൽത്ത് പാസ്സ്‌പോർട്ട് കൂടിയായ തവക്കൽനാ ആപ്പിൽ വാഹനത്തിന്റെ സ്ഥിതിവിവരങ്ങൾ പുതുതായി ചേർത്തത് അടക്കം നിലവിൽ 26 സേവനങ്ങളുണ്ട്. സൗദിയിലെ താമസക്കാരുടെ വ്യക്തിഗത വിവരങ്ങൾ അടങ്ങുന്ന ആപ്ലിക്കേഷനിൽ വ്യക്തികളുടെ വാഹനം, ഇതിന്റെ സ്ഥിതി എന്നിവ ഉൾക്കൊള്ളുന്നതാണ് പുതിയ അപ്ഡേറ്റ്.
ഓരോ വ്യക്തിയുടേയും ഡിജിറ്റൽ കാർഡുകൾ, ആശ്രിത വിസയിലുള്ളവരുടെ വിവരങ്ങൾ, അടിയന്തിര മെഡിക്കൽ സേവനം, വിവിധ പരിപാടികൾക്കുള്ള അനുമതി പത്രം നേടൽ, ഉംറക്കും മക്ക മദീന പ്രവേശനത്തിനുമുള്ള അനുമതി പത്രങ്ങൾ എന്നിവയും പുതിയ സേവനങ്ങളിലുണ്ട്. രാജ്യത്തെ ഏത് പരിപാടികൾക്കുമുള്ള ടിക്കറ്റുകളും തവക്കൽനാ ആപ്പിൽ ലിങ്ക് ചെയ്ത് മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളു എന്നതാണ് അവസാനം വന്ന അപ്ഡേറ്റ്.