യുഎഇ: സ്വദേശികള്‍ക്ക് വിദേശത്തേക്ക് യാത്ര ചെയ്യാന്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതായി നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് അതോരിറ്റി അറിയിച്ചു. രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവർക്ക് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളിലേക്കും ഇനി യാത്ര ചെയ്യാനാവും. എന്നാൽ, വിദേശത്ത് നിന്ന് മടങ്ങി വരുമ്പോള്‍ ആറ് മണിക്കൂറിനിടെയുള്ള റാപ്പിഡ് പി.സി.ആര് പരിശോധന, 48 മണിക്കൂറിനിടെയുള്ള പി.സി.ആര് പരിശോധന, എന്നിവ നടത്തിയിരിക്കണം. പിന്നീട് നാലാം ദിവസും എട്ടാം ദിവസവും പരിശോധന ആവര്‍ത്തിക്കുകയും വേണം.
വാക്സിനേഷന് പൂര്‍ത്തിയാക്കാത്തവര്‍ക്ക് നിലവിലുള്ള നിയന്ത്രണങ്ങൾ തുടരും. അധികൃതരിൽ നിന്നുള്ള മുൻകൂർ അനുമതിയോടെ രോഗികൾ, സ്കോളര്ഷിപ്പുകളോടെ വിദേശത്ത് പഠിക്കുന്നവര്‍, യുഎഇയുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍, മാനുഷിക പരിഗണന ലഭിക്കുന്ന കേസുകള്‍ തുടങ്ങിയവർക്ക് വാക്സിനെടുത്തില്ലെങ്കിലും യാത്ര ചെയ്യാവുന്നതാണ്.