മുൻകൂർ അനുമതിയില്ലാതെ ഖത്തറിൽ പഴം, പച്ചക്കറികള്‍ ഇറക്കുമതി ചെയ്യാന്‍ പാടില്ലെന്ന് മുൻസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ഉത്തരവ്. വരുന്ന ഡിസംബര്‍ ഒന്ന് മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരുമെന്നതിനാൽ ഡിസംബര്‍ മാസത്തേക്കുള്ള അനുമതിക്കായി നവംബര്‍ ഒന്ന് മുതല്‍ 20 വരെ അപേക്ഷിക്കാവുന്നതാണെന്ന് മന്ത്രാലയം അറിയിച്ചു. importrequests@mme.gov.qa എന്ന ഇ- മെയിൽ വിലാസത്തിൽ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. മന്ത്രാലയത്തിൻെറ വെബ്സൈറ്റിൽ നിന്നും എഫ്-എ.എ.ഡി-പി.പി 02 എന്ന അപേക്ഷാ ഫോറം ഡൗൺലോഡ്ചെയ്ത് ഓരോ മാസത്തേക്കും ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ വിശദാംശങ്ങളും തൂക്കവുമെല്ലാം വ്യക്തമാക്കിയാണ് അനുമതിക്കുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടത്.
ഉൽപന്നങ്ങളുടെ ഗുണനിലാവരം ഉറപ്പു വരുത്തുന്നതിനും, ഉൽപ്പന്നങ്ങൾ പാഴായിപോകുന്നത് തടയാനും ഉദ്ദേശിച്ചാണ് പുതിയ നിയന്ത്രണങ്ങളെന്ന് മന്ത്രാലയം വ്യക്തമാക്കി. ഭക്ഷ്യവസ്തുക്കൾ പാഴാവുന്നത് ഒഴിവാക്കുക എന്നത് ദേശീയ ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ലക്ഷ്യം കൂടിയാണ്. അനുമതി എടുക്കുന്നതിലൂടെ ഇറക്കുമതി മുതല്‍ ഉപഭോക്താക്കളിൽ എത്തുന്നത് വരെ പാഴാകുന്ന ഉൽപ്പന്നങ്ങളുടെ നഷ്ടം കുറയ്ക്കാമെന്നും മന്ത്രാലയം ലക്ഷ്യമിടുന്നു.