കുവൈത്ത് സിറ്റി: രാജ്യത്ത് നിയമം ലംഘിച്ച് തുടരുന്ന പ്രവാസികളെ കണ്ടെത്തി നാട് കടത്തുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കുവൈത്ത്. ഇതുമായി ബന്ധപ്പെട്ട് ഫയലുകളും മറ്റ് രേഖകളും വേഗത്തില്‍ തയ്യാറാക്കുന്നതിന് പുതിയ ഓഫീസ് തുറക്കുന്നതിനും തീരുമാനമായി.
നിയമ ലംഘകരെ കണ്ടെത്തി താമസിപ്പിക്കുന്നതിന് നാട് കടത്തല്‍ കേന്ദ്രങ്ങളും രാജ്യത്ത് സജ്ജീവമാണ്. പരിധിയില്‍ കൂടുതല്‍ പേരെ ഓരോ കേന്ദ്രങ്ങളില്‍ താമസിപ്പിക്കരുതെന്ന് കുവൈത്ത് ആഭ്യന്തരമന്ത്രി ശൈഖ് തമര് അല്‍ അലി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് പുറമെ വിമാനത്താവളങ്ങളിലും പ്രത്യേക സെല്ലുകള്‍ ആരംഭിച്ചു. സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന നിയമ ലംഘകര്‍ക്ക് ഇത്തരം സെല്ലുകളില്‍ സ്വയം റിപ്പോര്‍ട്ട് ചെയ്യാന്‍ അവസരമുണ്ട്.