ഷഹീന് ചുഴലിക്കാറ്റ് ഒമാൻ തീരത്തോടടുക്കുന്ന പശ്ചാത്തലത്തിൽ യുഎഇയില്‍ ജാഗ്രതാ നിര്‍ദ്ദേശം. സുരക്ഷ കണക്കിലെടുത്ത് വളരെ അടിയന്തര സാഹചര്യങ്ങളില്‍ മാത്രമേ ജനങ്ങള്‍ പുറത്തേക്കിറങ്ങാൻ പാടുള്ളു എന്നും വീട്ടിൽ സുരക്ഷിതരായിരിക്കണമെന്നും നാഷണല്‍ എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് അതോറിറ്റിയും ആഭ്യന്തര മന്ത്രാലയവും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി. അടിയന്തര സാഹചര്യങ്ങളുണ്ടായാല്‍ 999 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ നിർദേശിച്ചു.
നിലവിലെ കാലാവസ്ഥ പരിഗണിച്ച് അല്‍ ഐനില്‍ ചില മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചതായി അധികൃതർ അറിയിച്ചു. ജബല്‍ ഹഫീതിലേക്കുള്ള പ്രവേശനം നിര്‍ത്തിവെച്ചു. കോവിഡ് പരിശോധന, വാക്സിനേഷന് ടെന്റുകള്‍ താത്കാലികമായി അടച്ചു. ചുഴലിക്കാറ്റ് വീശാനിടയുള്ള സ്ഥലങ്ങൾ അധികൃതര്‍ വിലയിരുത്തി താമസക്കാരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുമെന്നും അധികൃതർ അറിയിച്ചു. ഒക്ടോബര്‍ അഞ്ച് ചൊവ്വാഴ്ച വരെ യുഎഇയുടെ ചില കിഴക്കന്‍ തീരപ്രദേശങ്ങളില്‍ ഷഹീന് ചുഴലിക്കാറ്റ് വീശാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി.