അതിർത്തികൾ വഴി സൗദി അറേബ്യയിലേക്ക് നുഴഞ്ഞു കടക്കുന്നവർക്ക് ജോലി നൽകിയാൽ വൻതുക പിഴയും ദീർഘകാലത്തെ ജയിൽ ശിക്ഷയും അനുഭവിക്കേണ്ടിവരും. അഞ്ചു മുതൽ 15 വർഷം വരെ തടവ് ശിക്ഷയും 10 ലക്ഷം റിയാൽ വരെ പിഴയും ഈടാക്കും.
അതിർത്തികൾ വഴി സൗദിയിലേക്ക് നുഴഞ്ഞുകയറാൻ ആളുകളെ സഹായിക്കുന്നവർക്കും ഇവർക്ക് വേണ്ട യാത്രാ സൗകര്യവും താമസവും നൽകുന്നവർക്കും ജോലിക്കു വെക്കുന്നവർക്കും മറ്റു സേവനങ്ങളും സഹായങ്ങളും ചെയ്തുകൊടുക്കുന്നവർക്കും മേൽപറഞ്ഞ ശിക്ഷ നൽകാൻ അനുശാസിക്കുന്ന രാജകൽപന അടുത്ത കാലത്ത് പുറപ്പെടുവിച്ചിരുന്നു. ആഭ്യന്തര മന്ത്രി സമർപ്പിച്ച നിർദേശത്തിന്റെ ഭാഗമായാണ് ഇക്കാര്യത്തിൽ തീരുമാനമായത്.
നുഴഞ്ഞുകയറ്റക്കാർക്ക് യാത്രാ സൗകര്യം ഏർപ്പെടുത്തുന്ന വാഹനങ്ങളും താമസ സൗകര്യം നൽകാൻ ഉപയോഗിക്കുന്ന പാർപ്പിടങ്ങളും കണ്ടുപിടിക്കാൻ നേരത്തെ തന്നെ തീരുമാനമുണ്ട്. ഈ വാഹനങ്ങളും പാർപ്പിടങ്ങളും മറ്റുള്ളവരുടെ ഉടമസ്ഥതയിലുള്ളതാണെങ്കിൽ ഇവ പിടിച്ചെടുക്കുന്നതിനു പകരം ഇവരെ സഹായിക്കുന്നവർക്ക് പത്തു ലക്ഷം റിയാൽ വരെ പിഴ ചുമത്തും. സാഹചര്യങ്ങൾക്കനുസൃതമായി നിയമ ലംഘകർക്ക് അഞ്ചു ലക്ഷം റിയാൽ വരെയാണ് ഇത്തരം സന്ദർഭങ്ങളിൽ പിഴ ചുമത്തുക.









