ഗൾഫിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ച് ആഴ്ചകൾ പിന്നിടുമ്പോഴും ടിക്കറ്റ് നിരക്കിൽ ഇളവ് വരുത്താതെ കൂടുതൽ തുക ഈടാക്കുകയാണ് വിമാനക്കമ്പനികൾ. നിരക്ക് കുത്തനെ കൂടിയെങ്കിലും പലയിടത്തേക്കുമുള്ള ടിക്കറ്റുകൾ ഇതിനകം വിറ്റുതീർന്നു. അവസരം മുതലെടുത്ത് ട്രാവൽ ഏജൻസികൾ കൂട്ടത്തോടെ ടിക്കറ്റുകൾ ബുക്ക് ചെയ്ത് കൂടുതൽ വിലയ്ക്ക് ബ്ലാക്ക് മാർക്കെറ്റിൽ മറിച്ച് വിൽക്കുന്നുണ്ടെന്നും ആക്ഷേപം ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി നിരക്ക് നിയന്ത്രിക്കാൻ ഇടപെടണമെന്നാണ് പ്രവാസികളുടെ ആവശ്യം.
മൂന്ന് ലക്ഷത്തിന് മുകളിലായിരുന്നു രണ്ട് ദിവസം മുമ്പ് വരെ കുവൈത്തിലേക്കുള്ള ടിക്കറ്റ് നിരക്ക്. ഇപ്പോൾ കൊച്ചിയിൽ നിന്ന് കുവൈറ്റിലേക്ക് ഒന്നര ലക്ഷം രൂപയ്ക്ക് മുകളിലാണ് ടിക്കറ്റിന് വിമാനക്കമ്പനികൾ ഈടാക്കുന്നത്. കുവൈറ്റിൽ നിന്ന് കൊച്ചിയിലേക്ക് വരാൻ അൻപതിനായിരം രൂപയും സൗദി അറേബ്യയിലേക്ക് പോകാൻ 35,000 രൂപയും ബഹറൈനിലേക്ക് അമ്പതിനായിരത്തിന് മുകളിലും പ്രവാസികൾ ടിക്കറ്റിനായി മുടക്കണം.









