സൗദിയിൽ മധുരപാനീയങ്ങൾക്ക് പ്രത്യേക നികുതി ഏർപ്പെടുത്തുന്ന പുതിയ നയം ജനുവരി ഒന്നുമുതൽ മുതൽ പ്രാബല്യത്തിൽ വരുന്നു. വ്യവസായ ധാതുവിഭവ മന്ത്രി ബന്ദർ അൽഖുറൈഫ് ആണ് ഈക്കാര്യം വ്യക്തമാക്കിയത്. പഞ്ചസാര കൂടുതലുള്ള പാനീയങ്ങളുടെ നികുതി ഉയർത്തുന്നതാണ് ഇത്. ഇത്തരം പാനീയങ്ങളുടെ ഉപഭോഗം നിരുത്സാഹപ്പെടുത്തുന്നതിലൂടെ ആരോഗ്യത്തിന് ഹാനികരമായ രീതിയിൽ പഞ്ചസാര ഉള്ളിൽ പോകുന്നത് കുറയ്ക്കുകയാണ് ലക്ഷ്യം. വ്യവസായികൾ മുൻകാലങ്ങളിൽ ഉയർത്തിയ പ്രധാന ആശങ്കകളിലൊന്നായിരുന്ന ഈ വിഷയത്തിന് ഇപ്പോൾ പരിഹാരം കണ്ടെത്താൻ കഴിഞ്ഞതായി മന്ത്രി വ്യക്തമാക്കി. പാനീയങ്ങളിലെ പഞ്ചസാര നികുതി പ്രശ്നം പരിഹരിക്കുന്നതിനായി ധനമന്ത്രാലയം, സകാത്ത്-നികുതി-കസ്റ്റംസ് അതോറിറ്റി, ആരോഗ്യ മന്ത്രാലയം എന്നിവ നടത്തിയ സമഗ്രമായി ചർച്ചകൾക്കൊടുവിലാണ് തീരുമാനം. പൊതുജനാരോഗ്യ സംരക്ഷണവും പഞ്ചസാര ഉപഭോഗം കുറയ്ക്കലും ലക്ഷ്യമാക്കി, അതേസമയം വ്യവസായങ്ങൾക്ക് പുതുമകളും ഉൽപ്പന്ന വികസനവും നടത്താൻ അവസരം നൽകുന്ന തരത്തിലുള്ള ഒരു സമതുലിത നയം രൂപപ്പെടുത്തുക എന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.









