രാജ്യത്തെ സ്വകാര്യ മേഖലയിലെ ജിമ്മുകളിലും സ്പോട്സ് കേന്ദ്രങ്ങളിലും 15 ശതമാനം ജോലികൾ സൗദി പൗരന്മാർക്ക് മാത്രമായി സംവരണം ചെയ്യുന്നു. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം സ്വദേശിവത്കരണം സംബന്ധിച്ച തീരുമാനം തിങ്കളാഴ്ചയാണ് പ്രഖ്യാപിച്ചത്. രാജ്യത്തുടനീളമുള്ള സൗദി പൗരന്മാർക്ക് കൂടുതൽ പ്രചോദനാത്മകവും ഉൽപ്പാദനപരവുമായ തൊഴിലവസരങ്ങൾ നൽകുകയെന്ന ലക്ഷ്യത്തോടെയുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. നാലോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കാണ് സ്വദേശിവൽക്കരണം തീരുമാനം ബാധകമാകുക. പുരുഷ, വനിതാ ജിമ്മുകളിലെയും സപോർട്സ് കേന്ദ്രങ്ങളിലെയും 12 തൊഴിലുകൾക്ക് ഇത് ബാധകമാകും. സ്‌പോർട്‌സ് കോച്ച്, പ്രഫഷനൽ ഫുട്‌ബാൾ കോച്ച്, സ്‌പോർട്‌സ് സൂപ്പർവൈസർ, പേഴ്‌സണൽ ട്രെയിനർ, പ്രഫഷനൽ അത്‌ലറ്റിക്‌സ് കോച്ച് എന്നിവ ഇതിൽ ഉൾപ്പെടുന്നു. സൗദിവത്ക്കരണ നിരക്ക്, ലക്ഷ്യമിടുന്ന തൊഴിലുകൾ, നടപടിക്രമങ്ങൾ എന്നിവ വിശദീകരിക്കുന്ന ഒരു ഗൈഡ് മന്ത്രാലയത്തിെൻറ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.









