കുവൈത്തിൽ കാലാവസ്ഥ മെച്ചപ്പെട്ടതോടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാന ഗതാഗതം പുനരാരംഭിച്ചതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ. സര്‍വീസുകൾ പുനരാരംഭിച്ചതായി സിവിൽ ഏവിയേഷൻ വക്താവ് അബ്ദുല്ല അൽ-രാജ്ഹി വ്യക്തമാക്കി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി വിമാനത്താവളത്തിലെ ഓപ്പറേഷൻസ് ടീമുകളും എയർ ട്രാഫിക് കൺട്രോൾ ടീമുകളും സാഹചര്യം നിരീക്ഷിക്കുകയും വിമാന സര്‍വീസുകള്‍ സാധാരണ നിലയിലാക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിച്ചതായും അൽ-രാജ്ഹി വ്യക്തമാക്കി. വിമാന കമ്പനികളുമായും ബന്ധപ്പെട്ട അധികാരികളുമായും ഏകോപിപ്പിച്ച് നിലവിൽ പതിവ് ഷെഡ്യൂളുകൾ അനുസരിച്ചാണ് വിമാനങ്ങൾ സർവീസ് നടത്തുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കാലാവസ്ഥാ സാഹചര്യങ്ങൾ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.









