മസ്‌കത്ത്: ഒമാനില്‍ വരുന്ന യാത്രക്കാര്‍ക്ക് പാലിക്കേണ്ട പുതിയ നിര്‍ദേശങ്ങളുമായി കസ്റ്റംസ് അഥോറിറ്റി. കര, കടല്‍, വ്യോമയാന മാര്‍ഗ്ഗങ്ങളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്നവര്‍ക്കായി പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശ രേഖ പ്രസിദ്ധീകരിച്ചു. അമൂല്യ വസ്തുക്കളോ പണമോ ഒളിപ്പിച്ചുവെക്കുകയോ വെളിപ്പെടുത്തേണ്ട സമയങ്ങളില്‍ വെളിപ്പെടുത്താന്‍ മടിക്കുകയോ ചെയ്യരുതെന്ന് അധികൃതര്‍ വ്യക്തമാക്കി. അപരിചിതരില്‍നിന്ന് അവരുടെ ബാഗോ മറ്റു സാധനങ്ങളോ സ്വീകരിക്കരുത്. സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ക്യാമറ, കൈയില്‍ സൂക്ഷിക്കാന്‍ പറ്റുന്ന സംഗീത ഉപകരണങ്ങള്‍,മൊബൈല്‍ ഫോണുകള്‍, ടിവിയും റിസീവറും, ബേബി സ്ട്രോളറുകളും,മൊബൈല്‍ പ്രിന്ററുകള്‍, കമ്പ്യൂട്ടര്‍, തുണികള്‍, വ്യക്തിഗത ആഭരണങ്ങള്‍, വ്യക്തിഗത സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍, വ്യക്തിഗത ഉപയോഗത്തിനുള്ള മരുന്നുകള്‍ എന്നിവ കസ്റ്റംസ് തീരുവയില്‍ നിന്ന് നീക്കിയിട്ടുണ്ട്. 6,000 ഒമാനി റിയാലോ അതിന് തുല്യമായ മറ്റ് കറന്‍സികളോ പണമായോ ചെക്കുകളായോ ഓഹരികളായോ കൈവശമുള്ള യാത്രക്കാര്‍, അല്ലെങ്കില്‍ സ്വര്‍ണ്ണം, വജ്രം, മറ്റ് അമൂല്യ ലോഹങ്ങള്‍, കല്ലുകള്‍ എന്നിവ കൈവശമുള്ളവര്‍ രാജ്യത്തേക്കോ പുറത്തേക്കോ പോകുമ്പോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിവരമറിയിക്കണം. കസ്റ്റംസിന്റെ വെബ്‌സൈറ്റ് വഴിയും ഉദ്യോഗസ്ഥരെ വിവരമറിയിക്കാം. ജീവനുള്ള മൃഗങ്ങള്‍, സസ്യങ്ങള്‍, വളങ്ങള്‍, കീടനാശിനികള്‍, മരുന്ന്, ഡ്രഗ്, മാധ്യമ വസ്തുക്കള്‍, എംഎജി ട്രാന്‍സ്മിറ്ററുകള്‍, ഡ്രോണുകള്‍ പോലുള്ള വയര്‍ലെസ് വസ്തുക്കള്‍, സ്വയ സംരക്ഷണത്തിനുള്ള വസ്തുക്കള്‍ എന്നിവ കൊണ്ടുവരുന്നതിനുള്ള അനുമതി അധികാരികളില്‍ നിന്ന് നേടണം. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ മൂന്ന് വര്‍ഷം വരെ തടവും 10,000 റിയാലില്‍ കൂടാത്ത പിഴയും ലഭിക്കും.









