ഷാർജയിൽ ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് 10 വർഷത്തിലേറെ പഴക്കമുള്ള പിഴകൾ ഷാർജ അധികൃതർ റദ്ദാക്കി. ഏഴായിരത്തിലധികം ഗതാഗത നിയമലംഘന പിഴകളാണ് റദ്ദാക്കിയത്. എക്സിക്യൂട്ടീവ് കൗൺസിലിന്‍റെ ഏറ്റവും പുതിയ തീരുമാനം അനുസരിച്ചാണ് വർഷങ്ങളായി അടയ്ക്കാതെ കിടന്ന പിഴകൾ ഒഴിവാക്കി നൽകിയത്. സാമൂഹിക സ്ഥിരത ഉറപ്പാക്കാനുള്ള സർക്കാരിന്‍റെ പ്രതിബദ്ധതയുടെ ഭാഗമായി പത്ത് വർഷത്തിൽ അധികം പഴക്കമുള്ള ഗതാഗത നിയമലംഘന പിഴകൾ ഒഴിവാക്കാനുള്ള എക്സിക്യൂട്ടീവ് കൗൺസിലിന്റെ തീരുമാനം ഷാർജ പൊലീസ് നടപ്പാക്കുകയായിരുന്നു. ഇതുവരെ 284 പേർക്ക് ഇതിന്‍റെ പ്രയോജനം ലഭിച്ചു. 7,000ത്തിലധികം ട്രാഫിക് പിഴകളാണ് റദ്ദാക്കിയത്. ഇളവ് ലഭിക്കാൻ അപേക്ഷിക്കുന്നവർ പിഴ ഒഴിവാക്കുന്നതിന് 1,000 ദിർഹം ഫീസ് അടയ്‌ക്കേണ്ടതുണ്ട്. എന്നാൽ, വാഹന ഉടമയുടെ മരണം, 10 വർഷത്തിലധികം തുടർച്ചയായി രാജ്യം വിട്ടുപോകുക, ഉടമയെ കണ്ടെത്താൻ കഴിയാത്ത ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ തുടങ്ങിയ മാനുഷികപരമായതോ പ്രത്യേകമായതോ ആയ കേസുകളിൽ ഈ ഫീസിൽ ഇളവുണ്ട്. യോഗ്യരായ വ്യക്തികൾക്ക് ട്രാഫിക് ആൻഡ് ലൈസൻസിംഗ് സർവീസ് സെന്ററുകൾ സന്ദർശിച്ച് ഈ ആനുകൂല്യം നേടാവുന്നതാണ്. സുരക്ഷ ഉറപ്പാക്കാനും റോഡ് നിയമങ്ങൾ പാലിക്കാനും പൊതുജനം ഗതാഗത നിയമങ്ങൾ അനുസരിക്കണമെന്ന് ഷാർജ പൊലീസ് ജനറൽ കമാൻഡ് വ്യക്തമാക്കി.









