കുവൈത്ത്: താമസ വിലാസം അപ്ഡേറ്റ് ചെയ്യാത്തവർക്ക് മുന്നറിയിപ്പുമായി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പാസി) രംഗത്ത്. ഒരു മാസത്തിനകം താമസ വിലാസം പുതുക്കാൻ 546 വ്യക്തികളോട് പാസി ആവശ്യപ്പെട്ടിട്ടുണ്ട്. വിലാസം നീക്കം ചെയ്ത ഈ വ്യക്തികളുടെ പേരുകൾ ഔദ്യോഗിക ഗസറ്റായ ‘കുവൈത്ത് അൽ-യൗമിൽ’ പാസി പ്രസിദ്ധീകരിച്ചു.
കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയതിനാലോ ഉടമകളുടെ അഭ്യർത്ഥന പ്രകാരമോ ആണ് ഇവരുടെ വിലാസങ്ങൾ സിവിൽ ഇൻഫർമേഷൻ രേഖകളിൽ നിന്ന് നീക്കം ചെയ്തതെന്ന് അതോറിറ്റി അറിയിച്ചു.
നിർദ്ദേശം പാലിക്കാത്തവർക്ക് 100 കുവൈത്ത് ദിനാർ പിഴ ലഭിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി. വിലാസം പുതുക്കാത്ത വ്യക്തികളുടെ എണ്ണം അനുസരിച്ച് പിഴത്തുക വർധിക്കും. പാസി മുഖേന നേരിട്ടോ അല്ലെങ്കിൽ സർക്കാർ ആപ്ലിക്കേഷനായ സഹേൽ വഴിയോ വിലാസം പുതുക്കാവുന്നതാണ്. സമയപരിധിക്കുള്ളിൽ വിലാസം അപ്ഡേറ്റ് ചെയ്ത് നിയമനടപടികൾ ഒഴിവാക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.








