ദുബായ്: ദുബായിൽനിന്ന് അബുദാബിയിലേക്ക് റൂട്ട് E308 എന്ന പുതിയ ഇന്റർസിറ്റി ബസ് സർവീസ് ആരംഭിച്ചു. ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) യാണ് പുതിയ സർവീസ് പ്രഖ്യാപിച്ചത്.
നോൺ സ്റ്റോപ്പ് സർവീസ്, 50 പേർക്ക് യാത്ര ചെയ്യാം ദുബായ് അൽ ഖൂസ് ബസ് സ്റ്റേഷനിൽനിന്ന് അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് (MBEZ) ബസ് സ്റ്റേഷനിലേക്കാണ് പുതിയ നോൺ സ്റ്റോപ്പ് സർവീസ് ആരംഭിച്ചിരിക്കുന്നത്. ഒരു യാത്രയ്ക്ക് 25 ദിർഹമാണ് ഈടാക്കുകയെന്ന് RTA അധികൃതർ വ്യക്തമാക്കി. നോൽ കാർഡ്, നേരിട്ടുള്ള പണമിടപാട്, ബാങ്ക് കാർഡ് എന്നിവ വഴി യാത്രക്കാർക്ക് നിരക്ക് അടയ്ക്കാം. ഓരോ യാത്രയിലും 50 പേർക്കു വരെ സഞ്ചരിക്കാം.
ലക്ഷ്യം താങ്ങാനാവുന്ന യാത്രാസംവിധാനം ക്യാപിറ്റൽ എക്‌സ്‌പ്രസുമായി സഹകരിച്ചാണ് RTA പുതിയ റൂട്ട് ആരംഭിച്ചത്. രണ്ടു നഗരങ്ങൾക്കിടയിൽ യാത്ര ചെയ്യുന്നവർക്ക് താങ്ങാനാവുന്ന യാത്രാസംവിധാനം ഒരുക്കുക എന്നതായിരുന്നു ലക്ഷ്യമിട്ടിരുന്നതെന്ന് RTA അധികൃതർ അറിയിച്ചു.
മറ്റ് ഇന്റർസിറ്റി സർവീസുകൾ ഈ വർഷം മേയിൽ ദുബായിലെ സ്റ്റേഡിയം സ്റ്റേഷനിൽനിന്ന് ഷാർജയിലെ അൽ ജുബൈൽ ബസ് സ്റ്റേഷനിലേക്ക് സർവീസ് ആരംഭിച്ചിരുന്നു. ഇതിന്റെ യാത്രാനിരക്ക് 12 ദിർഹമാണ്. നിലവിൽ 250-ലേറെ ഇന്റർസിറ്റി ബസുകൾ ദുബായിൽനിന്ന് വിവിധ എമിറേറ്റുകളിലേക്ക് സർവീസ് നടത്തുന്നുണ്ട്.