മസ്‌കത്ത്: രാത്രിയിൽ ഒറ്റയ്ക്ക് സഞ്ചരിക്കാൻ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ ആദ്യ സ്ഥാനങ്ങളിൽ ഇടം പിടിച്ച് ഒമാൻ. ആഗോള അനലിറ്റിക്‌സ് ആൻഡ് അഡൈ്വസറി കമ്പനിയായ ഗാലപ്പ് പുറത്തിറക്കിയ ഗ്ലോബൽ സേഫ്റ്റി റിപ്പോർട്ട് 2024 അനുസരിച്ചാണിത്. ലോകത്ത് രാത്രികാല സുരക്ഷയുടെ കാര്യത്തിൽ സിംഗപ്പൂരാണ് ഒന്നാം സ്ഥാനത്ത്.
ഗ്ലോബൽ തലത്തിൽ ഒമാൻ നാലാം സ്ഥാനത്തും അറബ് മേഖലയിൽ ഒന്നാം സ്ഥാനത്തുമാണ്. റിപ്പോർട്ടനുസരിച്ച്, ഒമാനിൽ രാത്രികാലങ്ങളിൽ തനിച്ച് യാത്ര ചെയ്യുന്നത് സുരക്ഷിതമാണെന്ന് 92 ശതമാനം ആളുകളും അഭിപ്രായപ്പെട്ടു. താജിക്കിസ്ഥാൻ, ചൈന, ഒമാൻ, സൗദി അറേബ്യ, ഹോങ്കോങ്, കുവൈത്ത്, നോർവേ, ബഹ്‌റൈൻ, യുഎഇ എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ.
2024-ൽ ഏറ്റവും സുരക്ഷിതമായ ആദ്യ പത്ത് രാജ്യങ്ങളിൽ അഞ്ചും ഗൾഫ് രാജ്യങ്ങളായിരുന്നു. ശക്തമായ ഭരണസംവിധാനം, പൊതു ക്രമം, മികച്ച അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ് ഗൾഫ് രാജ്യങ്ങളെ ഈ നേട്ടത്തിലേക്ക് നയിച്ച പ്രധാന ഘടകങ്ങൾ. ഇത് സുരക്ഷാബോധം വർദ്ധിപ്പിക്കുന്നതിനൊപ്പം ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഒമാനിലെ മികച്ച നിയമപാലനവും ജനങ്ങൾക്ക് നിയമവ്യവസ്ഥയിലുള്ള വിശ്വാസവും ഈ ഉയർന്ന റാങ്കിംഗിന് കാരണമായി.









