കുവൈറ്റ്: വിദേശികൾ ഒന്നിലധികം വാഹനങ്ങൾ വാങ്ങുന്നത് നിയന്ത്രിക്കാൻ ഗതാഗത വകുപ്പ് നിശ്ചയിച്ച പഠന സമിതി ശുപാർശ നൽകി. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് പഠന സമിതിയെ നിശ്ചയിച്ചത്. കൊമേഷ്യൽ ലൈസൻസ് ഫീസ് ഇനത്തിൽ വൻ തുക സർക്കാറിന് നഷ്ടം വരുന്നതായി വിലയിരുത്തിയാണ് വാഹനങ്ങളുടെ ഉടമസ്ഥാവകാശത്തിനു പരിധി വെക്കാൻ സമിതി ശുപാർശ ചെയ്തത്.
ചില വിദേശികൾ 50ലേറെ വാഹനങ്ങൾ ഉടമപ്പെടുത്തിയതായി ഗതാഗത വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഡ്രൈവിങ് ലൈസൻസ് ഇല്ലാത്ത വിദേശികളുടെ പേരിലും വാഹനങ്ങൾ രജിസ്റ്റർ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. കൊമേഴ്സ്യൽ ലൈസൻസ് ഇല്ലാതെ വ്യക്തികൾ വാഹനങ്ങൾ വാങ്ങി മറിച്ചുവിൽക്കുകയോ പാട്ടത്തിനോ വാടകയ്ക്കോ നൽകുകയോ ചെയ്യുന്നത് നിയന്ത്രിക്കുകയാണ് ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.
വിദേശ പൗരന് സ്വന്തം പേരിൽ വാങ്ങാൻ കഴിയുന്ന വാഹനങ്ങളുടെ എണ്ണത്തിന് പരിധി വെക്കുകയോ അധിക വാഹനങ്ങൾക്ക് ഫീസ് ചുമത്തുകയോ ചെയ്യുന്ന കാര്യം പരിഗണിക്കുമെന്നും അധികൃതർ വ്യക്തമാക്കി.









