തൊഴിൽ, താമസ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന പരിശോധനകളിൽ കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളിൽ 20,319 നിയമലംഘകർ പിടിയിലായി. ആഗസ്റ്റ് 22 മുതൽ 28 വരെ സുരക്ഷാസേനയുടെ വിവിധ യൂനിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും നടത്തിയ സംയുക്ത ഫീൽഡ് പരിശോധനയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത്. 12,891 പേരും ഇഖാമ പുതുക്കാതെയും ഹുറൂബ് കേസും മറ്റുമായി താമസനിയമം ലംഘിച്ചവരാണ്. 3,888 അതിർത്തി സുരക്ഷാ നിയമലംഘകരും 3,540 തൊഴിൽ നിയമലംഘകരുമാണ്. രാജ്യത്തേക്ക് അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 1,238 പേർ അറസ്റ്റിലായി. ഇവരിൽ 50 ശതമാനവും യമനി പൗരന്മാരാണ്. 49 ശതമാനം എത്യോപ്യൻകാരും ഒരു ശതമാനം മറ്റ് രാജ്യക്കാരുമാണ്. അനധികൃതമായി രാജ്യത്തു നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ 22 പേർ അറസ്റ്റിലായി. താമസ, ജോലി, അതിർത്തി സുരക്ഷാ നിയമലംഘകർക്ക് വിവിധ സഹായങ്ങൾ നൽകിയ 16 പേർ വേറെയും പിടിയിലായിട്ടുണ്ട്.









