ഖത്തറിൽ സ്‌കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ സുരക്ഷാ നടപടികൾ ഊർജിതമാക്കി അധികൃതർ. അറുനൂറിലേറെ സ്‌കൂൾ മേഖലകളിൽ പൊതുമരാമത്ത് വിഭാഗം റോഡ് സുരക്ഷ ഏർപ്പെടുത്തി. സ്‌കൂളുകളുടെ നവീകരണവും പൂർത്തിയായിട്ടുണ്ട്. അടുത്ത അധ്യയന വർഷം പടിവാതിൽക്കലെത്തി നിൽക്കെ ഖത്തറിലുടനീളമുള്ള 669 സ്‌കൂൾ സോണുകളുടെ സുരക്ഷയാണ് പൊതുമരാമത്ത് വിഭാഗമായ അഷ്ഗാൽ വർധിപ്പിച്ചത്. ഇവിടങ്ങളിലെ ട്രാഫിക് സിഗ്‌നലുകളുടെ നവീകരണം, ക്രോസിങ് അടയാളപ്പെടുത്തൽ, അഗ്‌നിസുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തൽ തുടങ്ങിയ ജോലികൾ പൂർത്തിയാക്കിയതായി അഷ്ഗാൽ വ്യക്തമാക്കി. വിദ്യാർഥികളുടെയും സ്‌കൂൾ സമയങ്ങളിലെ റോഡ് ഉപയോക്താക്കളുടെയും സുരക്ഷ കണക്കിലെടുത്താണ് നടപടി. വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസ മന്ത്രാലയങ്ങളുമായി സഹകരിച്ചാണ് ജോലികൾ പൂർത്തിയാക്കിയത്. സമഗ്ര വികസനം ലക്ഷ്യമിട്ട് 140 സ്‌കൂളുകൾ നവീകരിക്കാൻ അഷ്ഗാൽ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.