സൗദിയിൽ പണപ്പെരുപ്പനിരക്കിൽ നേരിയ കുറവ് . ജൂലൈയിൽ പണപ്പെരുപ്പം 2.1 ശതമാനമായി കുറഞ്ഞു. ജൂണിൽ ഇത് 2.3 ശതമാനമായിരുന്നു. അഞ്ച് മാസങ്ങൾക്ക് ശേഷമാണ് നിരക്കിൽ കുറവ് അനുഭവപ്പെടുന്നത്. ഭവന വാടകയിലെ അനിയന്ത്രിതമായ വർധനവും, വെള്ളം, വൈദ്യുതി, ഗ്യാസ്, ഇന്ധന വിലകളിലുള്ള വർധനവും തുടരുകയാണ്. എന്നാൽ ഗൃഹോപകരണങ്ങൾ, ഫർണിച്ചറുകൾ, റെഡിമെയ്ഡ്സ് ആൻറ് ഫുട്ട് വെയർ, ഗതാഗതം, ആരോഗ്യം, കമ്മ്യൂണിക്കേഷൻ സേവനങ്ങൾ, എന്നിവയിൽ കുറവ് രേഖപ്പെടുത്തി. 2025 ലും 2026 ലും സൗദിയിലെ പണപ്പെരുപ്പം 2 ശതമാനത്തിൽ നിയന്ത്രിക്കപ്പെടുമെന്ന് അന്താരാഷ്ട്ര നാണയ നിധി നേരത്തെ പ്രവചിച്ചിരുന്നു. ജി-20 രാജ്യങ്ങളുടെ പട്ടികയിൽ ഏറ്റവും കുറഞ്ഞ പണപ്പെരുപ്പ നിരക്ക് രേഖപ്പെടുത്തുന്ന ഏക രാജ്യവും സൗദി അറേബ്യയാണ്.









