സൗദിയിൽ ലഹരിക്കടത്ത് കേസിൽ പിടിയിലാകുന്ന മലയാളി പ്രവാസികളുടെ എണ്ണം വീണ്ടും വർധിക്കുന്നു. കഴിഞ്ഞ ദിവസം തായ്‌ലൻഡ് വഴി ദമ്മാമിലെത്തിയ മലയാളിയിൽ നിന്ന് പിടിച്ചെടുത്തത് മൂന്ന് കിലോയോളം ഹാഷിഷാണ്. ഇയാളെ സ്വീകരിക്കാനെത്തിയ മലയാളികൾ ഉൾപ്പെടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്യിതു. രാജ്യത്ത് ലഹരിക്കടത്ത് കേസുകളിൽ ദിനേന അഞ്ചും ആറും പേർക്ക് വധശിക്ഷ നടപ്പാക്കികൊണ്ടിരിക്കെയാണ് മലയാളി യുവാക്കളുടെ ലഹരിക്കടത്ത്. കോഴിക്കോട് സ്വദേശിയാണ് ഉംറ വിസയിൽ കഴിഞ്ഞ ദിവസം തായ്‌ലൻഡിൽ നിന്ന് ദമ്മാമിലെത്തിയത്. മാരക ലഹരി വസ്തുവുമായി എത്തിയ പ്രതിയെയും കൂട്ടാളികളെയും നാടകീയമായാണ് സുരക്ഷാ വിഭാഗം വലയിലാക്കിയത്. വിമാനത്താവളത്തിലെ പരിശോധനകൾ പൂർത്തിയാക്കി പുറത്തിറങ്ങിയ പ്രതിയെ പിന്തുടർന്ന സുരക്ഷ വിഭാഗം വഴിയിൽ വെച്ച് പിടികൂടുകയും ശേഷം കൂട്ടാളികളെ കൂടി വലയിലാക്കുകയും ചെയ്യുകയായിരുന്നു. വർധിച്ച് വരുന്ന ലഹരി കേസുകളിൽ ഇന്ത്യൻ പ്രവാസികളുടെ പങ്കാളിത്തം വർധിക്കുന്നതിൽ ആശങ്കയിലാണ് സൗദിയിലെ നിയമ വിദഗ്ദർ.









