യാത്രക്കാരെ ദുരിതത്തിലാക്കി എയർ ഇന്ത്യ എക്സ്‍പ്രസ്. എസി ഇല്ലാതെ കനത്ത ചൂടിൽ യാത്രക്കാർ വിമാനത്തിനുള്ളിൽ ഇരുന്നത് നാല് മണിക്കൂറിലേറെ. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. എയർ ഇന്ത്യ എക്സ്‍പ്രസിൻറെ ദുബൈയിൽ നിന്ന് കോഴിക്കോടേക്കുള്ള വിമാനത്തിലെ യാത്രക്കാരാണ് ദുരിതത്തിലായത്. പിന്നീട് വിമാനം റദ്ദാക്കിയതായി യാത്രക്കാരെ അറിയിക്കുകയായിരുന്നു. എയർ ഇന്ത്യ എക്സ്‍പ്രസിൻറെ ഐഎക്സ് 346 വിമാനം രാവിലെ 9 മണിക്കാണ് ദുബൈയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്നത്. 8.15ന് തന്നെ ബോർഡിങ് തുടങ്ങി. റൺവേയിൽ നിർത്തിയിട്ട വിമാനത്തിൽ എസി പോലുമില്ലാതെ കടുത്ത ചൂടും സഹിച്ച് യാത്രക്കാർക്ക് മണിക്കൂറുകൾ കാത്തിരിക്കേണ്ടി വന്നു. വിമാനം എപ്പോൾ പുറപ്പെടുമെന്ന വിവരവും യാത്രക്കാരെ അറിയിച്ചിരുന്നില്ല. ചൂട് സഹിക്കാനാകാതെ വിമാനത്തിൽ എഴുന്നേറ്റ് നിന്ന് കയ്യിലിരിക്കുന്ന കടലാസുകൾ കൊണ്ട് വീശുന്ന യാത്രക്കാരുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പിന്നീട് ഉച്ചയ്ക്ക് 12.15ന് യാത്രക്കാരോട് വിമാനത്തിൽ നിന്ന് ഇറങ്ങണമെന്ന് അറിയിക്കുകയായിരുന്നു. വിമാനം റദ്ദാക്കിയ വിവരം അപ്പോഴാണ് യാത്രക്കാരെ അറിയിച്ചത്.
വിമാനത്തിൽ എയർ കണ്ടീഷനിങ് ഉണ്ടായിരുന്നില്ലെന്നും സഹിക്കാനാകാത്ത ചൂടായിരുന്നെന്നും ദുബൈയിൽ താമസിക്കുന്ന ഒരു യാത്രക്കാരിയെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. എയർലൈൻ അധികൃതർ പിന്നീട് യാത്രക്കാരെ ഒരു ഹോട്ടലിലേക്ക് മാറ്റി.









