ഹജ് നിർവഹിക്കുന്നതിന് കുറഞ്ഞത് 10 ദിവസമെങ്കിലും വേതനത്തോടെ അവധിക്ക് അനുവാദമുണ്ടെന്ന് സൗദി മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. എന്നാൽ ഒരു സ്ഥാപനത്തിൽ രണ്ടു വർഷമെങ്കിലും സ്ഥിരമായി ജോലി ചെയ്ത ജീവനക്കാർക്ക് മാത്രമേ ഹജ് ചെയ്യുന്നതിന് അവധി ലഭിക്കുകയുള്ളൂ. ഹജ് ചെയ്യാൻ ആഗ്രഹിക്കുന്ന ജീവനക്കാരന്റെ അവധി സംബന്ധിച്ച് ഉന്നയിച്ച സംശയത്തിന് മന്ത്രാലയം മറുപടി നൽകുകയായിരുന്നു. ഹജ് നിർവഹിക്കുന്നതിലേക്ക് ഈദ് അൽ അദ്ഹ അവധി ഉൾപ്പെടെ, ഹജ് അവധി 10 ദിവസത്തിൽ കുറയാനും 15 ദിവസത്തിൽ കൂടാനും പാടില്ല എന്ന് ഹജ് സീസണിനോടനുബന്ധിച്ചുള്ള പ്രസിദ്ധീകരണത്തിൽ മന്ത്രാലയം ചൂണ്ടിക്കാട്ടി. തൊഴിൽ ഇടത്തെ ആവശ്യകതകളെ അടിസ്ഥാനമാക്കി, പ്രതിവർഷം ഹജ് അവധി അനുവദിക്കുന്ന ജീവനക്കാരുടെ എണ്ണം നിർണ്ണയിക്കാൻ തൊഴിലുടമകൾക്ക് അവകാശമുണ്ടെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു. കരാർ ബന്ധത്തിലെ എല്ലാ കക്ഷികളുടെയും അവകാശങ്ങൾ ഈ ചട്ടങ്ങൾ സംരക്ഷിക്കുന്നുണ്ടെന്നും മന്ത്രാലയം വിശദീകരിച്ചു.








