സാങ്കേതിക തകരാറിനെ തുടർന്ന് എയർ അറേബ്യയുടെ തിരുവനന്തപുരം– അബുദാബി വിമാനം കൊച്ചി നെടുമ്പാശേരി എയർപോർട്ടിൽ അടിയന്തരമായി താഴെ ഇറക്കി. ഇന്നലെ വൈകിട്ട് 4 മണിയോടെ തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട വിമാനത്തിൽ, പറക്കലിനിടെ ഇലക്ട്രിക് തകരാർ പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണു പ്രത്യേക അനുമതി വാങ്ങി വിമാനം കൊച്ചിയിലിറക്കിയത്. വൈകിട്ട് 4.45നു കൊച്ചിയിലിറങ്ങിയ വിമാനം തകരാർ പരിഹരിച്ച് 5.55ന് അബുദാബിയിലേക്കു പുറപ്പെടുകയും ചെയ്തു. 165 യാത്രക്കാരാണു വിമാനത്തിലുണ്ടായിരുന്നത്.