ഹജ്ജ് പെർമിറ്റോ മക്ക നഗരത്തിൽ ജോലിക്കോ താമസത്തിനോ ഉള്ള എൻട്രി പെർമിറ്റോ ഇല്ലാതെ എത്തുന്നവർക്ക് താമസ സൗകര്യം നൽകരുതെന്ന് മക്കയിലെ ഹോട്ടൽ, അപ്പാർട്ട്മെന്റ് തുടങ്ങിയ നടത്തിപ്പുകാർക്ക് ടൂറിസം മന്ത്രാലയം കർശന നിർദേശം നൽകി. ദുൽഖഅ്ദ ഒന്ന് മുതൽ ഹജ്ജ് സീസൺ അവസാനിക്കുന്നത് വരെ ഈ സ്ഥിതി തുടരണമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. ഏപ്രിൽ 29 മുതൽ ഹജ്ജ് വിസയല്ലാത്ത മറ്റ് വിസകളുമായി എത്തുന്നവർക്ക് മക്ക നഗരത്തിലേക്കുള്ള പ്രവേശനമോ താമസമോ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. ഹജ്ജിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നിർദ്ദിഷ്ട കാലയളവിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിഭാഗങ്ങൾക്ക് മക്കയിൽ താമസ സൗകര്യങ്ങൾ പൂർണമായും വിലക്കുന്ന നടപടി ടൂറിസം മന്ത്രാലയം നിർദേശിച്ചത്.