രാജ്യത്ത് അഴിമതി തുടച്ചുനീക്കുന്നതിെൻറ ഭാഗമായി പരിശോധന കർശനമാക്കി സൗദി അഴിമതി വിരുദ്ധ അതോറിറ്റി . ജനുവരി മാസത്തിൽ രാജ്യവ്യാപകമായി നടത്തിയ വിപുലമായ റെയ്ഡുകളിൽ വിവിധ മന്ത്രാലയങ്ങളിലെ 127 ഉദ്യോഗസ്ഥരെ അതോറിറ്റി അറസ്റ്റ് ചെയ്തു. സുതാര്യമായ ഭരണസംവിധാനം ഉറപ്പാക്കുന്നതിെൻറ ഭാഗമായാണ് നടപടി. അഴിമതി തടയുന്നതിനായി ജനുവരിയിൽ മാത്രം 1,543 റെയ്ഡുകളാണ് അതോറിറ്റി നടത്തിയത്. അറസ്റ്റിലായവർക്ക് പുറമെ 383 പേർക്കെതിരെ നിലവിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് നസഹ വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, മുനിസിപ്പൽ-ഗ്രാമകാര്യ മന്ത്രാലയം, ഭവന നിർമാണ മന്ത്രാലയം എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരാണ് പിടിയിലായത്. അഴിമതി വിരുദ്ധ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇനി പറയുന്ന കുറ്റകൃത്യങ്ങളാണ് പ്രധാനമായും കണ്ടെത്തിയത്: കൈക്കൂലി വാങ്ങൽ, അധികാര ദുർവിനിയോഗം, കള്ളപ്പണം വെളുപ്പിക്കൽ, പൊതു ഫണ്ടുകളുടെ ദുരുപയോഗം, വ്യാജരേഖ ചമയ്ക്കൽ.









