ടോൾ നിരക്ക് വർധനക്ക് പിന്നാലെ പുതിയ ഡിസ്കൗണ്ട് പാക്കേജുകൾ പ്രഖ്യാപിച്ച് കിങ് ഫഹദ് കോസ് വേ അതോറിറ്റി. കോസ്‌വേ ആപ്പ് വഴി യാത്രക്കാർക്ക് 40% വരെ ഡിസ്കൗണ്ട് ഇത് വഴി നേടാൻ കഴിയുമെന്ന് അധികൃതർ . ഫ്രീക്വൻറ് ഫ്ലയർ പാക്കേജ്, ഫ്രീക്വൻറ് ട്രാവലർ പാക്കേജ്, റൗണ്ട് ട്രിപ്പ് പാക്കേജ് എന്നിങ്ങനെ മൂന്ന് പാക്കേജുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫ്രീക്വൻറ് ഫ്ലയർ പാക്കേജ് വഴി യാത്രക്കാർക്ക് 40% വരെ ഇളവ് ലഭിക്കും. സ്ഥിരമായോ അല്ലെങ്കിൽ ഭൂരിഭാഗം ദിവസങ്ങളിലും കോസ് വേ ഉപയോഗിക്കുന്നവർക്കാണ് ആനുകൂല്യം. ഒരു മാസം അല്ലെങ്കിൽ 40 ക്രോസിങ്ങുകളാണ് കണക്ക്. 850 റിയാലാണ് പാക്കേജ് നിരക്ക്. ഫ്രീക്വൻറ് ട്രാവലർ പാക്കേജ് വഴി 20% ഇളവ് ലഭിക്കും. ഇടവേളകളിൽ യാത്ര ചെയ്യുന്നവർക്കായാണ് ഈ പാക്കേജ്. ഒരു വർഷമോ അല്ലെങ്കിൽ 40 ക്രോസിങ്ങുകൾ പൂർത്തിയാകുന്നത് വരെയോ ഈ ആനുകൂല്യം ഉപയോഗിക്കാം. 1,120 റിയാലാണ് പാക്കേജ് നിരക്ക്.









