ആഗോള വിമാനക്കമ്പനിയായ എമിറേറ്റ്‌സ് ഈ ദശകത്തിന്‍റെ അവസാനത്തോടെ ഏകദേശം 20,000 പുതിയ ജീവനക്കാരെ കൂടി നിയമിക്കുന്നു. വിമാനങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതിനും സർവീസുകൾ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും മുന്നോടിയായാണ് ഈ വമ്പൻ റിക്രൂട്ട്‌മെന്‍റ് ഡ്രൈവ്. എമിറേറ്റ്‌സ് ഡെപ്യൂട്ടി പ്രസിഡന്റും ചീഫ് ഓപ്പറേഷൻസ് ഓഫീസറുമായ അദെൽ അൽ റെദ ബുധനാഴ്ച ദുബൈയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓപ്പറേഷൻസ് വിഭാഗത്തിലാണ് പ്രധാനമായും തൊഴിലവസരങ്ങളുള്ളത്. കാബിൻ ക്രൂ, പൈലറ്റുമാർ, എഞ്ചിനീയർമാർ, ടെക്നീഷ്യൻമാർ, എയർപോർട്ട് സ്റ്റാഫ്, ഇതുകൂടാതെ ഐടി, അഡ്മിനിസ്ട്രേഷൻ വിഭാഗങ്ങളിലും കൂടുതൽ പേരെ നിയമിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യുഎഇയിൽ നിന്നും രാജ്യത്തിന് പുറത്ത് നിന്നും അപേക്ഷകൾ സ്വീകരിക്കും. സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി എമിറാത്തി പൗരന്മാർക്കായി പ്രത്യേക പരിശീലന പരിപാടികളും എമിറേറ്റ്‌സ് ഒരുക്കുന്നുണ്ട്.









