സകല റെക്കോർഡുകളും ഭേദിച്ച് സ്വർണവില കുതിക്കുന്നു. ബുധനാഴ്ച രാവിലെ ദുബൈയിൽ സ്വർണവില ഗ്രാമിന് 630 ദിർഹം കടന്ന് പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്. ഈ വർഷം ജനുവരി മാസത്തിൽ മാത്രം ഗ്രാമിന് 112 ദിർഹത്തിന്‍റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. 2025 വർഷം മുഴുവൻ ഉണ്ടായ വർധനവിനേക്കാൾ വലിയ കുതിപ്പാണ് ഈ ഒരു മാസം കൊണ്ടുണ്ടായതെന്നതാണ് ശ്രദ്ധേയം. ദുബൈ ജ്വല്ലറി ഗ്രൂപ്പിന്‍റെ കണക്കനുസരിച്ച് ഇന്ന് 24 കാരറ്റ് സ്വർണം ഗ്രാമിന് 632.00 ദിർഹം , 22 കാരറ്റിന് 585.25 ദിർഹം, 21 കാരറ്റിന് 561.25 ദിർഹം, 18 കാരറ്റിന് 481.00 ദിർഹം എന്നിങ്ങനെയാണ് പുതിയ നിരക്കുകൾ. അന്താരാഷ്ട്ര വിപണിയിൽ സ്വർണം ഔൺസിന് 4,257 ഡോളർ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. സ്വർണത്തോടൊപ്പം വെള്ളി വിലയും റെക്കോർഡ് ഉയരത്തിലെത്തി.









