മെട്രോ ഫീഡർ ബസിൽ യാത്രയ്ക്കിടെ നഷ്ടപ്പെട്ട വിലപ്പെട്ട രേഖകളടങ്ങിയ ബാഗ് പ്രവാസിക്ക് മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി നൽകി നെടുമ്പാശ്ശേരി എയർപോർട്ടിലെ പോലീസ് ലെയ്സൺ ഓഫീസറും എസ് ഐ യുമായ സാബു വർഗീസും സംഘവും. സിസിടിവി ദൃശ്യങ്ങളും ഡിജിറ്റൽ തെളിവുകളും പിന്തുടർന്ന് നടത്തിയ കൃത്യമായ അന്വേഷണത്തിനൊടുവിൽ ഫോർട്ട് കൊച്ചിയിൽ നിന്നുമാണ് ബാഗ് കണ്ടെടുത്തത്. നവംബർ 17 തിങ്കളാഴ്ച രാവിലെയാണ് പത്തനംതിട്ട റാന്നി സ്വദേശി എബ്രഹാം മാത്യുവും കുടുംബവും നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും ആലുവയിലേക്ക് പോകുന്നതിനായി മെട്രോ ഫീഡർ ബസ്സിൽ കയറുന്നത്. യാത്രയ്ക്കിടയിൽ എബ്രഹാമിന്റെ വിലപ്പെട്ട രേഖകളും മറ്റും അടങ്ങിയ ബാഗ് ബസിൽ വെച്ച് നഷ്ടപ്പെടുകയായിരുന്നു. ആലുവയിൽ എത്തിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ട വിവരം ഇദ്ദേഹം അറിയുന്നത്.









