ഗൾഫ് മേഖലയിലെയും പശ്ചിമേഷ്യയിലെയും ഏറ്റവും കുറഞ്ഞ ഗതാഗതക്കുരുക്കുള്ള നഗരങ്ങളുടെ പട്ടികയിൽ ഖത്തർ തലസ്ഥാനമായ ദോഹ രണ്ടാം സ്ഥാനത്തെത്തി. ജീവിതനിലവാര സൂചികകൾ വിശകലനം ചെയ്യുന്ന ഓൺലൈൻ ഡാറ്റാബേസായ ‘നംബിയോ’ പുറത്തുവിട്ട 2026-ലെ ട്രാഫിക് ഇൻഡക്സ് റിപ്പോർട്ടിലാണ് ഈ നേട്ടം. 135.1 എന്ന പോയിന്റോടെയാണ് ദോഹ പട്ടികയിൽ മുൻനിരയിൽ സ്ഥാനം പിടിച്ചത്. ഗൾഫ് രാജ്യങ്ങളുടെ തലസ്ഥാനങ്ങളിൽ, ഒമാന്റെ തലസ്ഥാനമായ മസ്‌കത്താണ് ഏറ്റവും കുറഞ്ഞ ഗതാഗതക്കുരുക്കുള്ള നഗരം. ഒമാന് തൊട്ടുപിന്നാലെ രണ്ടാം സ്ഥാനത്താണ് ഖത്തർ. അബൂദബി മനാമ , കുവൈത്ത് സിറ്റി , റിയാദ് എന്നീ നഗരങ്ങളാണ് യഥാക്രമം തുടർന്നുള്ള സ്ഥാനങ്ങളിലുള്ളത്. രാജ്യങ്ങളുടെ അടിസ്ഥാനത്തിലുള്ള റാങ്കിംഗിലും ഒമാന് പിന്നിലായി ഖത്തർ രണ്ടാം സ്ഥാനത്താണ്. ഖത്തറിന്‍റെ നാഷണൽ ഡെവലപ്‌മെന്റ് സ്ട്രാറ്റജിയുടെ ഭാഗമായി ഗതാഗത മേഖലയിൽ നടപ്പിലാക്കിയ വിപുലമായ വികസന പ്രവർത്തനങ്ങളാണ് ഈ നേട്ടത്തിന് പിന്നിലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.









