സൗദി അറേബ്യയുടെ സാമ്പത്തിക ചരിത്രത്തിലെ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട്, വിദേശികൾക്ക് രാജ്യത്ത് ഭൂമിയും വസ്തുവകകളും സ്വന്തമാക്കാൻ അനുമതി നൽകുന്ന പുതിയ നിയമം പ്രാബല്യത്തിൽ വന്നു. ജനുവരി 22 വ്യാഴാഴ്ച മുതലാണ് നിയമം നടപ്പിലായത്. പ്രാദേശിക റിയൽ എസ്റ്റേറ്റ് വിപണിയെ ആഗോള നിക്ഷേപ കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. 2025 ജൂലൈയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് ഈ ചരിത്രപരമായ തീരുമാനമെടുത്തത്. വിദേശികൾക്ക് ഭൂമി വാങ്ങാൻ സാധിക്കുന്ന പ്രത്യേക സ്ഥലങ്ങൾ ഈ വർഷം ആദ്യ പാദത്തിൽ പ്രഖ്യാപിക്കുന്ന ‘ഭൂമിശാസ്ത്ര മേഖല രേഖ’ വഴി വ്യക്തമാക്കും. പുതിയ നിയമം നിലവിൽ വന്നുവെങ്കിലും വിശുദ്ധ നഗരങ്ങളായ മക്ക, മദീന എന്നിവിടങ്ങളിൽ കർശന നിയന്ത്രണങ്ങൾ തുടരും. ഈ മേഖലകളിലെ ഉടമസ്ഥാവകാശം സൗദി പൗരന്മാർ, സൗദി പൗരന്മാരുടെ പൂർണ്ണ ഉടമസ്ഥതയിലുള്ള കമ്പനികൾ, രാജ്യത്തിനകത്തും പുറത്തുമുള്ള മുസ്‌ലിം വ്യക്തികൾ എന്നിവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.









