സൗദി അറേബ്യയിൽ താമസം, ജോലി, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താനായി ആഭ്യന്തര മന്ത്രാലയം ശക്തമായ പരിശോധന തുടർന്നു. ജനുവരി എട്ട് മുതൽ 14 വരെയുള്ള കാലയളവിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനകളിൽ 18,054 നിയമലംഘകരാണ് പിടിയിലായത്. താമസ നിയമ ലംഘനത്തിന് 11,343, അതിർത്തി സുരക്ഷാനിയമ ലംഘനത്തിന് 3,858, തൊഴിൽ നിയമ ലംഘനത്തിന് 2,853, അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റം 1,491 എന്നിങ്ങനെയാണ് ആളുകൾ പിടിയിലായത്. നിയമലംഘകർക്ക് താമസസൗകര്യമോ യാത്രാസൗകര്യമോ ഒരുക്കി നൽകിയ 23 പേരെയും സുരക്ഷാ സേന അറസ്റ്റ് ചെയ്തു. നിലവിൽ പിടിയിലായ 27,518 വിദേശികൾക്കെതിരെ വിവിധ ഘട്ടങ്ങളിലായുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്. ഇതിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ 14,621 പേരെ ഇതിനകം തന്നെ നാടുകടത്തി. യാത്രാരേഖകൾ ഇല്ലാത്തവർ ബന്ധപ്പെട്ട എംബസികളുമായോ കോൺസുലേറ്റുകളുമായോ സഹകരിച്ച് രേഖകൾ വേഗത്തിൽ ലഭ്യമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.









