ജനുവരി പകുതിയോടെ യുഎഇയിൽ ശൈത്യം കടുക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഈ ആഴ്ച പകുതിയോടെ താപനിലയിൽ വലിയ ഇടിവുണ്ടാകുമെന്നും വെറും രണ്ട് ദിവസത്തിനുള്ളിൽ 7 മുതൽ 8 ഡിഗ്രി വരെ താപനില കുറയാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി. ജനുവരി 15 ബുധനാഴ്ച മുതൽ രാജ്യത്തിന്റെ വടക്കുഭാഗത്തു നിന്നുള്ള തണുത്ത കാറ്റ് വീശിത്തുടങ്ങുന്നതോടെയാണ് കാലാവസ്ഥയിൽ മാറ്റമുണ്ടാകുന്നത്. ജനുവരി 15-ന് പടിഞ്ഞാറൻ പ്രദേശങ്ങളിൽ 3 മുതൽ 4 ഡിഗ്രി വരെ താപനില കുറയും. ജനുവരി 16-ഓടെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും 5 ഡിഗ്രിയോളം താപനില താഴും. പർവ്വത പ്രദേശങ്ങളിൽ തണുപ്പ് അതിശക്തമായിരിക്കും. പുലർച്ചെ സമയങ്ങളിൽ താപനില 5 മുതൽ 7 ഡിഗ്രി വരെ താഴാൻ സാധ്യതയുണ്ട്. അജ്മാൻ ഉൾപ്പെടെയുള്ള മരുഭൂമി പ്രദേശങ്ങളിലും താപനില 10 ഡിഗ്രിയിൽ താഴെയായിരിക്കും.









