കുവൈത്തിൽ നടപ്പിലാക്കിയ പുതിയ മയക്കുമരുന്ന് വിരുദ്ധ നിയമം ഫലപ്രദമാകുന്നതായി ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ ഡ്രഗ് കൺട്രോൾ ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ഖബസാർദ്. പുതിയ നിയമത്തിന്റെ ഫലമായി രാജ്യത്ത് മയക്കുമരുന്ന് വിതരണത്തിൽ കുറവുണ്ടാവുകയും ലഹരിക്കടത്തുകാർക്കും വിതരണക്കാർക്കും ശക്തമായ താക്കീത് ലഭിക്കുകയും ചെയ്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, ചികിത്സ തേടി റിപ്പോർട്ട് ചെയ്യുന്ന ലഹരിക്ക് അടിമപ്പെട്ടവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായത് പോസിറ്റീവായ മാറ്റമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെമിക്കൽ സൊസൈറ്റി സംഘടിപ്പിച്ച “സിന്തറ്റിക് ഡ്രഗ്സ്: സമൂഹത്തിലെ ഒളിഞ്ഞിരിക്കുന്ന ശത്രു” എന്ന സെമിനാറിൽ സംസാരിക്കവെ, 2025-ൽ ഡ്രഗ് കൺട്രോൾ വിഭാഗം കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. രാജ്യത്തെ ലഹരിമുക്തമാക്കുന്നതിനായുള്ള കർശനമായ നിയമനടപടികൾ വരും ദിവസങ്ങളിലും തുടരുമെന്ന് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ഖബസാർദ് വ്യക്തമാക്കി.









