മത്സ്യബന്ധന നിയമങ്ങൾ കൂടുതൽ ശക്തമാക്കാൻ ഒരുങ്ങി ഒമാൻ. മത്സ്യബന്ധന ഉപകരണങ്ങളുടെ ശരിയായ ഉപയോഗത്തിനായി ബോധവത്കരണവും നിരീക്ഷണവും ശക്തമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. നിയമംലംഘിച്ചാൽ പിഴ, വലകളും ബോട്ടുകളും പിടിച്ചെടുക്കൽ, ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നിയമനടപടികളിലേക്ക് കടക്കും. ഭക്ഷ്യസുരക്ഷ, പരിസ്ഥിതിയുടെ സമതുലിതാവസ്ഥ എന്നിവ ഉറപ്പാക്കുന്നതിനായാണ് അധികൃതർ മത്സ്യബന്ധന ചട്ടങ്ങൾ കൂടുതൽ കർശനമാക്കുന്നത്. മത്സ്യബന്ധന ഉപകരണങ്ങൾ ശരിയായി ഉപയോഗിക്കുന്നതിൽ പ്രത്യേക ബോധവത്കരണ ക്ലാസുകൾ തൊഴിലാളികൾക്ക് മന്ത്രാലയം നൽകുന്നുണ്ട്. ചില വലകളുടെ തെറ്റായ ഉപയോഗം ചെറുമത്സ്യങ്ങളും മറ്റ് സമുദ്രജീവികളും വലയിൽ അകപ്പെടാൻ കാരണമാകും. ഇതിലൂന്നിയാണ് വലകളുടെ ശരിയായ ഉപയോഗത്തെകുറിച്ച് മന്ത്രാലയം ഓർമിപ്പിക്കുന്നത്. പരമ്പരാഗത വലകൾ നിശ്ചിത സീസണിലും നിശ്ചിത സ്ഥലങ്ങളിലും മാത്രമേ ഉപയോഗിക്കാവൂ. ഓരോ മത്സ്യബന്ധന രീതിക്കും പ്രത്യേകം നിയമങ്ങളും ലൈസൻസുകളും മന്താലയം നിശ്ചയിച്ചിട്ടുണ്ട്.









