തീർഥാടകരെ കാണാതാവുന്നത് തടയുന്നതിനായി കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ എത്തുന്ന ഹാജിമാർക്ക് സ്മാർട്ട് വാച്ച്. തീർഥാടകരുടെ എല്ലാ വിവരങ്ങളും ലഭ്യമാകുന്ന ഈ വാച്ചുകൾക്ക് വേണ്ടി 86 കോടിയിലധികം രൂപയുടെ കരാറിനായി കമ്പനികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഹജ്ജ് സുവിധ ആപ്പുമായി ബന്ധിപ്പിച്ച് പ്രവർത്തിക്കുന്ന ഈ സ്മാർട്ട് വാച്ച് വഴി, തീർഥാടകരുമായുള്ള ബന്ധം നഷ്ടപ്പെട്ടാലോ അവരെ കാണാതാവുകയോ ചെയ്താൽ, അവർ എത്തിച്ചേർന്നിട്ടുള്ള സ്ഥലത്തിന്റെ വിവരങ്ങൾ ഉൾപ്പെടെയുള്ള മുഴുവൻ വിവരങ്ങളും കമ്മിറ്റിയുടെ വെബ്‌സൈറ്റിൽ ലഭ്യമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. അന്താരാഷ്ട്ര റോമിംഗ് സംവിധാനവും ഒരു ജിബി ഡാറ്റയോടെ 60 ദിവസത്തെ വാലിഡിറ്റിയും ഈ വാച്ചുകൾക്കുണ്ടാകും. ഈ പുതിയ പദ്ധതി പ്രകാരം, മൊത്തം 1,22,518 സ്മാർട്ട് വാച്ചുകളാണ് കമ്പനികൾ നൽകേണ്ടി വരിക.ഡിസംബർ 22നകം താൽപ്പര്യമുള്ള കമ്പനികൾ അപേക്ഷ സമർപ്പിക്കണമെന്നും അധികൃതർ അറിയിച്ചു.









