യുഎഇയുടെ 54-ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ട്രാഫിക് പിഴകളിൽ 40 ശതമാനം ഇളവ് പ്രഖ്യാപിച്ച് ഉമ്മുൽ ഖുവൈൻ പൊലീസ്. നിലവിലുള്ള ട്രാഫിക് നിയമലംഘനങ്ങൾ കുറഞ്ഞ നിരക്കിൽ തീർപ്പാക്കാൻ ഡ്രൈവർമാർക്ക് ഇത് അവസരം നൽകും. ദേശീയ ആഘോഷ വേളയിൽ താമസക്കാരുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനും സാമൂഹിക സൗഹൃദം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഉമ്മുൽ ഖുവൈൻ പൊലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്സ് ഉത്തരവ് പുറത്തിറക്കിയത്. ഡിസംബർ 1, 2025ന് മുമ്പ് ഉമ്മുൽ ഖുവൈനിൽ രേഖപ്പെടുത്തിയ മിക്ക ട്രാഫിക് നിയമലംഘനങ്ങൾക്കും ഈ കിഴിവ് ബാധകമാകും. ഗുരുതരമായ നിയമലംഘനങ്ങൾക്ക് ഇളവ് ലഭിക്കില്ല. ഇളവ് ലഭിച്ച പിഴകൾ 2025 ഡിസംബർ 1 മുതൽ 2026 ജനുവരി 9 വരെ അടയ്ക്കാം. പരിമിത കാലയളവിലുള്ള ഈ അവസരം പ്രയോജനപ്പെടുത്തി ട്രാഫിക് റെക്കോർഡുകൾ പുതുക്കാൻ ഡ്രൈവർമാർ ശ്രദ്ധിക്കണമെന്ന് പൊലീസ് വ്യക്തമാക്കി.









