ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരക്കേറുന്നു. നവംബർ 27 മുതൽ ഡിസംബർ 31 വരെയായി വിമാനത്താവളത്തിലൂടെ കടന്നുപോകുന്ന യാത്രക്കാരുടെ എണ്ണം ഏറ്റവും ഉയർന്ന നിലയിലായിരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വാരാന്ത്യങ്ങളും യുഎഇ ദേശീയ ദിന അവധി ദിനങ്ങളുമടക്കമുള്ള ദിവസങ്ങളിലായി ഒരു കോടിയിലധികം യാത്രക്കാർ വിമാനത്താവളം വഴി സഞ്ചരിക്കുമെന്നാണ് വിവരം. യാത്രക്കാർ അതിനനുസരിച്ച് അവരുടെ യാത്ര ആസൂത്രണം ചെയ്യണമെന്നും ദുബൈ വിമാനത്താവളം അധികൃതർ അറിയിച്ചു. യുഎഇ ദേശീയദിനത്തോട് അനുബന്ധിച്ച് ഡിസംബർ 1, 2 തീയതികളിൽ പൊതുഅവധിയാണ്. വാരാന്ത്യഅവധിയടക്കം നാല് ദിവസം തുടർച്ചയായ അവധി ലഭിക്കും. പ്രതിദിനം ശരാശരി 2,94,000 ൽ കൂടുതൽ യാത്രക്കാരെത്തുമെന്നും ഡിസംബർ വരെ എണ്ണം വർധിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.









